ന്യൂഡൽഹി: വിവാദമായ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ വിഷയത്തിൽ പാർലമെൻ്റിൻ്റെ ഇരുസഭകളിലും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചു. എസ്.ഐ.ആർ. ഉടൻ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ കടുത്ത പ്രതിഷേധത്തെ തുടർന്ന് സഭ തുടർച്ചയായി സ്തംഭിച്ചിരുന്നു.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഏകദേശം പത്ത് മണിക്കൂർ സമയം ചർച്ചക്കായി നീക്കിവെക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ‘വോട്ടർ പട്ടിക പരിഷ്കരണം’ എന്ന പേരിലായിരിക്കില്ല, പകരം ‘തിരഞ്ഞെടുപ്പ് പരിഷ്കാരം’ എന്ന പേരിലായിരിക്കും ചർച്ച നടക്കുകയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി. ബുധനാഴ്ച നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ചർച്ചയ്ക്ക് മറുപടി നൽകും.
പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുക്കില്ലെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കും. എസ്.ഐ.ആർ. നടപടികളുമായി ബന്ധപ്പെട്ട കഠിനമായ ജോലിഭാരം കാരണം 28 ബി.എൽ.ഒമാർ മരിച്ച സാഹചര്യം ചൂണ്ടിക്കാട്ടി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.



