27.8 C
Saudi Arabia
Monday, February 23, 2026
spot_img

ആഗോള സാമ്പത്തിക സുതാര്യത, രേഖകൾ ഡിസംബർ 15 നാകം സ്വയം സാക്ഷ്യപ്പെടുത്തി നൽകണം

കൊച്ചി: ആഗോള തലത്തിൽ നികുതി വെട്ടിപ്പ് തടയുന്നതിനും സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ബാങ്കുകൾ നടപ്പിലാക്കി തുടങ്ങുന്നു. ഇതിനായുള്ള ഫോമുകൾ പൂരിപ്പിച്ചു നൽകണമെന്നു ആവശ്യപ്പെട്ട് കൊണ്ട് വിവിധ ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഇ മെയിലുകൾ അയച്ചു തുടങ്ങിയിട്ടുണ്ട്. ഡിസംബർ 15 ആണ് രേഖകൾ സമർപ്പിക്കേണ്ട അവസാന തിയതി. പൂർണ്ണമായോ കൃത്യമായോ വിവരങ്ങൾ നൽകാതിരുന്നാൽ അക്കൗണ്ട് മരവിപ്പിക്കാൻ സാധ്യതയുണ്ട്.

അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക വിവരങ്ങളുടെ സ്വയമേവയുള്ള കൈമാറ്റം ഉറപ്പാക്കുക എന്ന അടിസ്ഥാനപരമായ ലക്ഷ്യത്തിൽ നടപ്പിലാക്കുന്ന ഫോറിൻ അക്കൗണ്ട് ടാക്സ് കൊമ്പ്ലൈൻസ് ആക്ട് (എഫ് എ ട്ടി സി ഏ ) ന്റെയും കോമൺ റിപ്പോർട്ടിങ് സ്റ്റേറ്റാൻഡേർഡ്‌ (സി ആർ എസ്) ന്റെയും ഭാഗമായാണ് ബാങ്കുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ വാങ്ങുന്നത്. വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളിലും നിക്ഷേപങ്ങളിലും മറച്ചുവെച്ച വരുമാനം കണ്ടെത്താൻ പുതുതായി രൂപപ്പെട്ട ചട്ടക്കൂടാണ് ഇത് രണ്ടും.

എഫ് എ ട്ടി സി ഏ എന്നത് അമേരിക്കൻ ഐക്യനാടുകൾ 2010-ൽ പാസാക്കിയ നിയമമാണ്. അമേരിക്കൻ പൗരന്മാരുടെയും ഗ്രീൻ കാർഡ് ഉടമകളുടെയും ലോകമെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് ആഭ്യന്തര റവന്യൂ സർവീസിലേക്ക് റിപ്പോർട്ട് ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അമേരിക്കൻ പൗരന്മാർ വിദേശ അക്കൗണ്ടുകളിൽ വരുത്തുന്ന നികുതി വെട്ടിപ്പ് കണ്ടെത്താനും തടയാനും ഈ നിയമം സഹായകമാണ്. നിയമം പാലിക്കാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങൾക്ക്, യുഎസുമായി ബന്ധപ്പെട്ട വരുമാന സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന പണത്തിന് 30% നികുതി ഈടാക്കുന്നത് പോലുള്ള ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള സംഘടന (ഓ.ഇ.സി.ഡി) വികസിപ്പിച്ചെടുത്ത ഒരു ബഹുമുഖ കരാറാണ് സി ആർ എസ്. ഒരു രാജ്യത്തെ താമസക്കാരൻ മറ്റൊരു രാജ്യത്തെ ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് തുറക്കുമ്പോൾ, അക്കൗണ്ടിന്റെ വിവരങ്ങൾ അയാളുടെ താമസം ഉള്ള രാജ്യത്തെ നികുതി അധികൃതർക്ക് സ്വയമേവ കൈമാറാൻ ഇത് വ്യവസ്ഥ ചെയ്യുന്നു. എഫ് എ ട്ടി സി ഏ അമേരിക്കൻ പൗരന്മാരെയും കുടിയേറ്റക്കാരെയും മാത്രം ബാധിക്കുന്ന ഒന്നാണെങ്കിൽ സി ആർ എസ് ആഗോള തലത്തിൽ ബാധിക്കുന്ന നിയമമാണ്. നൂറിലധികം രാജ്യങ്ങൾ ഇതിൽ പങ്കാളികളാണ്.

എഫ് എ ട്ടി സി ഏ യിലും സി ആർ എസിലും സജീവമായി പങ്കുചേരുന്ന രാജ്യമാണ് ഇന്ത്യ.  ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ബാങ്കുകൾ, മ്യൂച്വൽ ഫണ്ട് കമ്പനികൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ അവരുടെ ഉപഭോക്താക്കൾ ഈ ചട്ടക്കൂടിന്റെ പരിധിയിൽ വരുമോയെന്ന് തിരിച്ചറിയുന്നതിനായി സ്ഥിരീകരണ പ്രക്രിയകൾ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായാണ് സാക്ഷ്യപത്രം ഒപ്പിട്ടു വാങ്ങുന്നത്. ടാക്സ് റെസിഡൻ്റ് ആയ എല്ലാ രാജ്യങ്ങളിലെയും ടിൻ നമ്പർ (ടാക്‌സ് ഐഡന്റിഫിക്കേഷൻ നമ്പർ) ഇതിനായി നൽകണം. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽസി ആർ എസ് ഉടമ്പടി ഉള്ളതിനാൽ എല്ലാ എൻ ആർ ഐ അക്കൗണ്ട് ഉടമകളും സാക്ഷ്യപത്രം നൽകേണ്ടതുണ്ട്. സൗദി അറേബ്യയിൽ താമസിക്കുന്ന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ഇഖാമ നമ്പർ’ സാധുവായ ടിൻ ആയി കണക്കാക്കപ്പെടും.

ആഗോള നികുതി പാലനത്തിന്റെ കാര്യത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ഈ ചട്ടക്കൂടുകൾ നിയമപരമായ നികുതി പാലനം ഉറപ്പാക്കാനും, കള്ളപ്പണം വെളുപ്പിക്കൽ തടയാനും, സഹായിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാനും ഇവ വലിയ പങ്കാണ് വഹിക്കുമെന്ന് കരുതപ്പെടുന്നു.

Related Articles

- Advertisement -spot_img

Latest Articles