കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട. കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമം കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ കള്ളനോട്ട് വിരുദ്ധ വിഭാഗം തകർത്തു. ദശലക്ഷക്കണക്കിന് വ്യാജ യുഎസ് ഡോളറാണ് രാജ്യത്തേക്ക് കടത്താനും വിതരണം ചെയ്യാനും ശ്രമിച്ചതിനെ തുടർന്ന് പിടിച്ചെടുത്തത്. മറ്റൊരു അറബ് രാജ്യത്ത് നിർമ്മിച്ച വ്യാജ കറൻസിയാണ് ഇവർ കുവൈത്തിൽ എത്തിച്ച് വിൽപന നടത്തിയിരുന്നത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് മുഖ്യപ്രതിയായ ഒരു അറബ് പൗരനെ പോലീസ് പിടികൂടിയത്. ഒരു ലക്ഷം വ്യാജ യുഎസ് ഡോളർ, വിപണി വിലയുടെ ഏകദേശം 50% ഇളവിൽ 16,000 കുവൈത്തി ദിനാറിന് വിൽക്കാൻ ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ കൂടുതൽ വ്യാജ യുഎസ് ഡോളറുകൾ കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ ഹവല്ലി, ഫർവാനിയ എന്നിവിടങ്ങളിലെ കൂട്ടാളികളെക്കുറിച്ചും വ്യാജ കറൻസി നിർമ്മിച്ച രാജ്യത്തെ പങ്കാളിയെക്കുറിച്ചും പ്രതി പോലീസിന് നിർണായക മൊഴി നൽകിയിട്ടുണ്ട്..



