കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ, പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്താനും അധിക സുരക്ഷ ഉറപ്പാക്കാനും ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. വോട്ടെടുപ്പ് ദിവസം സ്ഥാനാർത്ഥികൾക്കോ തെരഞ്ഞെടുപ്പ് ഏജൻ്റുമാർക്കോ ജീവന് ഭീഷണിയുണ്ടെങ്കിൽ ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
വോട്ടെടുപ്പ് ദിവസം ഒരു ‘യുദ്ധദിനമാക്കരുത്’ എന്ന് കോടതി ശക്തമായി നിരീക്ഷിച്ചു. ബൂത്തുകളിൽ അക്രമ സാധ്യതയുണ്ടെന്ന് സ്ഥാനാർഥി ഭയപ്പെടുന്ന പക്ഷം, സ്വന്തം ചെലവിൽ വീഡിയോ ചിത്രീകരണം നടത്താൻ ആവശ്യപ്പെടാം. ഇതിനുള്ള അപേക്ഷ മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകണം. അതുപോലെ, പോലീസ് സംരക്ഷണം ആവശ്യമുള്ളവർ മൂന്ന് ദിവസത്തിനകം ജില്ലാ പോലീസ് മേധാവിക്കോ കമ്മീഷണർക്കോ അപേക്ഷ സമർപ്പിക്കണം. സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ 13-നാണ്.



