കൊല്ലം: കൊല്ലം കൊട്ടിയം ദേശീയപാതയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദേശീയപാതയുടെ നിർമ്മാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ദേശീയപാത അതോറിറ്റിയും നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, ദേശീയപാത നിർമ്മാണത്തിൽ അഴിമതിയും അനാസ്ഥയുമാണ് സംഭവിച്ചതെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വിമർശിച്ചു.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ചവറ കെ.എം.എം.എൽ ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് ഭരണിക്കാവ്-കൊട്ടാരക്കര വഴി എം.സി. റോഡിൽ പ്രവേശിച്ച് യാത്ര തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങൾക്കും കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നുമുള്ള യാത്രകൾക്കായി പല റൂട്ടുകളിലൂടെയുള്ള വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തി.



