മദീന: റൗള ശരീഫ് സന്ദർശനത്തിന് 565 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നത് തെറ്റായ പ്രചാരണം. മദീന സന്ദർശനത്തിൽ റൗളയിൽ പ്രവേശിച്ചതിന് ശേഷം അടുത്ത സന്ദർശനത്തിന് 365 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണം എന്ന പഴയ നിയമം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. മദീന പള്ളിക്ക് സമീപം ഉള്ളവർക്ക് തത്ക്ഷണ അനുമതി നൽകുന്ന നിയമത്തിലും യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
നിലവിൽ മാറ്റം വന്നിട്ടുള്ളത് റൗള സന്ദർശകരെ ഉൾക്കൊള്ളുന്ന സമയക്രമീകരണത്തിൽ മാത്രമാണ്. സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്ത വാർത്തയിലും ഉംറയും റൗള സന്ദർശവും ബുക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന നുസ്ക് ആപ്ലിക്കേഷനിലും ഇതേ വിവരങ്ങൾ തന്നെയാണ് ഉള്ളത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും നേരത്തെ അനുവദിച്ചിരുന്ന സന്ദർശന സമയങ്ങളിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരെ കൂടുതൽ കാര്യക്ഷമമായി ഉൾക്കൊള്ളാനും തിരക്ക് നിയന്ത്രിക്കാനുമാണ് ഈ സമയക്രമീകരണം. എന്നാൽ, ഈ സമയക്രമീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ, ചില മാധ്യമങ്ങൾ ഇടവേളയുടെ ദൈർഘ്യത്തിലും മാറ്റം ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിലെ പിഴവുകളാണ് തെറ്റിദ്ധാരണജനകമായ 565 ദിവസത്തെ ഇടവേള എന്ന വാർത്ത പ്രചരിക്കാൻ കാരണം.
റൗള സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർ തങ്ങളുടെ സന്ദർശനം നുസുക് പോലുള്ള ഔദ്യോഗിക ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്യുമ്പോൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ സമയക്രമങ്ങൾ ലഭ്യമാണോ എന്ന് ശ്രദ്ധിക്കുക. കൂടാതെ, രണ്ട് സന്ദർശനങ്ങൾ തമ്മിലുള്ള ഇടവേള 365 ദിവസം പൂർത്തിയായി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക



