കൊച്ചി: കേരള തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ് ദിനത്തിൽ തന്നെ ദുരന്തം. എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ 10-ാം വാർഡ് യു.ഡി.എഫ്. സ്ഥാനാർത്ഥി സി.എസ്. ബാബു (55) പുലർച്ചെ ഹൃദയാഘാതത്തെ ത്തുടർന്ന് അന്തരിച്ചു. ഈ സാഹചര്യത്തിൽ, ബാബു മത്സരിക്കുന്ന 10-ാം വാർഡിലെ വോട്ടെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് സജീവമായിരുന്ന ബാബുവിന്റെ മരണം പ്രാദേശിക തലത്തിൽ ഞെട്ടലുണ്ടാക്കി. ഇതിനു പുറമെ, തലസ്ഥാനത്തെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ ദിവസം അന്തരിച്ചതിനെ തുടർന്ന് ആ വാർഡിലെ വോട്ടെടുപ്പും മാറ്റിവച്ചിരുന്നു. ഈ രണ്ട് വാർഡുകളിലെയും പോളിങ് തീയതി പിന്നീട് അറിയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മറ്റ് ജില്ലകളിലെ വോട്ടെടുപ്പ് സാധാരണപോലെ തുടരുകയാണ്.



