പാരീസ്: ലോകത്ത് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയത് ഇസ്രായേൽ. പാരീസ് ആസ്ഥാനമായുള്ള മാധ്യമ സ്വാതന്ത്ര്യ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ഒരു വർഷത്തിനിടെ (2024 ഡിസംബർ മുതൽ) ലോകമെമ്പാടും കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ ഏകദേശം പകുതിക്കും (43%) ഉത്തരവാദി ഇസ്രായേലാണ്.
ഈ വർഷം ആഗോളതലത്തിൽ 67 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അതിൽ ഗാസയിൽ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ മാത്രം 29 പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. 2023 ഒക്ടോബറിൽ ഗാസയിൽ പോരാട്ടം ആരംഭിച്ചതുമുതൽ ഏകദേശം 220 മാധ്യമപ്രവർത്തകർ മരിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി മൂന്നാം വർഷവും മാധ്യമപ്രവർത്തകരുടെ ‘ഏറ്റവും വലിയ ശത്രു’വായി ഇസ്രായേൽ മാറിയെന്നും റിപ്പോർട്ട് പറയുന്നു.
ഇതുകൂടാതെ മെക്സിക്കോ (9), സുഡാൻ (4), യുക്രെയ്ൻ (3) എന്നിവിടങ്ങളിലും മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. 2025 ഡിസംബർ 1 വരെ ലോകമെമ്പാടുമായി 47 രാജ്യങ്ങളിലായി 503 മാധ്യമപ്രവർത്തകർ തടവിലാക്കപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടിലുണ്ട്. ചൈന (121), റഷ്യ (48), മ്യാൻമർ (47) എന്നിവയാണ് മാധ്യമപ്രവർത്തകരോട് ഏറ്റവും അടിച്ചമർത്തൽ നയം സ്വീകരിക്കുന്ന രാജ്യങ്ങൾ.



