പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ സ്പെഷ്യൽ പോലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപം വെച്ചാണ് അപകടമുണ്ടായത്.
തെരഞ്ഞെടുപ്പ് വാഹനപരിശോധന കഴിഞ്ഞ് കരിങ്കലത്താണിയിൽ നിന്ന് മണ്ണാർക്കാടേക്ക് മടങ്ങുകയായിരുന്ന പോലീസ് സംഘത്തിന്റെ വാഹനത്തിലേക്ക് ഒരു പിക്കപ്പ് വാൻ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സമീപത്തെ മതിലിലിടിച്ചാണ് നിന്നത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പ്രത്യേകമായി ഏർപ്പാടാക്കിയ വാഹനമാണെന്ന് അധികൃതർ അറിയിച്ചു.



