ദോഹ: 2025-ലെ ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ഉം സലാൽ ഏരിയയിലെ ദർബ് അൽ സാഇയിൽ വർണ്ണാഭമായ തുടക്കം. സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ-താനി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. “നിങ്ങളിലൂടെ ഉയരുന്നു, നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു” എന്ന മുദ്രാവാക്യത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ.
ദേശീയ ഗാനാലാപനത്തോടെ ദേശീയ പതാക ഉയർത്തിയ ചടങ്ങിൽ അറേബ്യൻ കുതിരകളും ഒട്ടകങ്ങളും പങ്കെടുത്ത പരേഡും പരമ്പരാഗത ഖത്തരി നൃത്തമായ അർദയുടെ പ്രകടനവും അരങ്ങേറി. സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ ആഘോഷങ്ങൾ ഡിസംബർ 20 വരെ തുടരും.
1,50,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ഖത്തറിൻ്റെ ചരിത്രവും സമ്പന്നമായ പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന വിവിധ സാംസ്കാരിക, പൈതൃക, കലാപരിപാടികളാണ് ദർബ് അൽ സാഇയിൽ ഒരുക്കിയിട്ടുള്ളത്. ആദ്യ ദിവസം മുതൽ തന്നെ സ്വദേശികളും വിദേശികളുമായ നിരവധി പേർ ആഘോഷങ്ങളിൽ പങ്കെടുത്തു.



