15 C
Saudi Arabia
Wednesday, February 4, 2026
spot_img

യു ഡി എഫ് മുന്നേറ്റം, ജനങ്ങളുടെ വിജയം: ദമ്മാം ഒ ഐ സി സി.

ദമ്മാം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വല വിജയത്തിൽ, ഒഐസിസി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി ആഹ്ലാദം പ്രകടിപ്പിച്ചു. ഇടത് കോട്ടകൊത്തളങ്ങള്‍ പലതിനെയും തകര്‍ത്തെറിഞ്ഞ് യു ഡി എഫ് നടത്തിയ തേരോട്ടം പിണറായി വിജയൻറ്റെ ദുർഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിജയമാണ്. 30 വര്‍ഷത്തിന്റെ ദീര്‍ഘമായ ചരിത്രമുള്ള കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യു ഡി എഫ് സ്വന്തമാക്കുന്ന ഏറ്റവും മികച്ച വിജയമാണിത്.

എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച കുറ്റപത്രം ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യുകയാണ്. ഇടത് സര്‍ക്കാറിന്റെ തീവെട്ടി കൊളളയില്‍ അമ്പരന്ന് നില്‍ക്കുകയാണ് കേരളം. ശബരിമല സ്വര്‍ണ്ണം അടിച്ചുമാറ്റിയ കൊളളസംഘത്തിന് നേതൃത്വം നല്‍കിയത് സി പി എമ്മാണ്. കോടതി തക്ക സമയത്ത് ഇടപെട്ടിലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്ക വിഗ്രഹം പോലും അടിച്ചു മാറ്റുമായിരുന്നു.അഴിമതിയും ധൂര്‍ത്തും ആഡംബരവും കാരണം സംസ്ഥാന ഖജനാവ് പൂര്‍ണ്ണമായും കാലിയായിരിക്കുകയാണ്. സാമ്പത്തിക ഞെരുക്കം കാരണം മുണ്ട് മുറുക്കിയുടുക്കാനാണ് ധനമന്ത്രി ‍ ആവശ്യപ്പെട്ടത്. എല്ലാവരും മുണ്ടു മുറുക്കിയുടുത്തപ്പോള്‍ മുഖ്യമന്ത്രി കസേര ഒഴിയാന്‍ മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ 1.10 കോടി ചെലവഴിച്ചു പിണറായി വിജയന് പുതിയ കാര്‍ വാങ്ങി കൊടുത്തിരിക്കുകയാണ്. എല്ലാത്തരത്തിലും കേരളത്തിലെ ജനങ്ങളെ വിഡ്ഢികൾ ആക്കാൻ ശ്രമിച്ച പിണറായി വിജയനും കൊള്ളസംഘത്തിനും ജനങ്ങൾ നൽകിയ മുന്നറിയിപ്പാണ് ഈ ജയം.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ ജയം പിണറായി- ആർ എസ് എസ് ഡീലിൻ്റെ ഭാഗമാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യ ദിനങ്ങളിൽ കഴക്കൂട്ടത്തെ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി പി എം ലോക്കൽ കമ്മിറ്റി അംഗവുമായ
ആനി അശോകൻ പറഞ്ഞതു പോലെയുള്ള ചിത്രമാണ് തിരുവനന്തപുരത്ത് കാണാൻ സാധിച്ചത്. കോർപ്പറേഷൻ ബിജെപിക്കും നിയമസഭാ സീറ്റുകൾ സി പി എം നും എന്നതാണ് ഇരുവർക്കും ഇടയിലെ ഡീൽ. കള്ളവോട്ട് ചേർക്കുകയും ബിജെപി വിരുദ്ധ വോട്ടുള്ള വാർഡുകളുടെ എണ്ണം കുറക്കുകയും ചെയ്തത് സിപിഎം സഹകരണത്തോടെയാണ്. ആ ഡീലിന് ഇടയിലും കോൺഗ്രസ് അവിടെ അരയും തലയും മുറുക്കി ഇറങ്ങിയത് കൊണ്ട് ബിജെപി 50 സീറ്റിൽ ഒതുങ്ങി. അല്ലേൽ വലിയ മൃഗീയ ഭൂരിപക്ഷം അവിടെ ബിജെപിക്ക് വന്നേനെ.

ജനാധിപത്യം കൃത്യമായി വിനിയോഗിച്ച ജനാധിപത്യ കേരളത്തിലെ സമ്മതിദായകരെ ദമ്മാം ഒഐസിസി അഭിവാദ്യം ചെയ്യുകയും ഉജ്ജ്വല വിജയം നേടിയ യു ഡി എഫ് നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങൾ നൽകിയ വൻ വിജയം വരും കാല കേരളത്തിനായി യു ഡി എഫ് ഒറ്റക്കെട്ടായി നിൽക്കാനുള്ള ഉത്തരവാദിത്തമാണെന്ന് ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു കല്ലുമല, ഈസ്‌റ്റേൺ പ്രോവിൻസ് പ്രസിഡൻ്റ് ഇ.കെ സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles