ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ വായു മലിനീകരണവും പുകമഞ്ഞും രൂക്ഷമായതിനെ തുടർന്ന് വിമാന-ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾ താറുമാറായി. ഡൽഹി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ടിയിരുന്നതും അവിടെയെത്തേണ്ടതുമായ ഇരുന്നൂറിലധികം വിമാനങ്ങൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. വടക്കേ ഇന്ത്യയിലുടനീളം ആകെ 300 വിമാനങ്ങളാണ് റദ്ദാക്കിയത്.
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനത്തിനുള്ള വിമാനം പോലും ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. വിമാനങ്ങൾക്ക് പുറമെ, ഡൽഹിയിൽ നിന്നുള്ളതും ഡൽഹിയിലേക്ക് പുറപ്പെട്ടതുമായ 90-ൽ അധികം ട്രെയിനുകൾ ആറു മുതൽ ഏഴ് മണിക്കൂർ വരെ വൈകിയോടി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (AQI) 498 ആയി, ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ‘ഗുരുതര’ വിഭാഗത്തിൽ ഉൾപ്പെടുന്ന അളവാണ്.
മലിനീകരണത്തെ തുടർന്ന് കോടതി നടപടികൾക്കായി വീഡിയോ കോൺഫറൻസ് സൗകര്യം ഉപയോഗിക്കാൻ സുപ്രീം കോടതിയും ഡൽഹി ഹൈക്കോടതിയും അഭിഭാഷകരോട് അഭ്യർഥിച്ചു.



