16 C
Saudi Arabia
Monday, February 23, 2026
spot_img

ചീസ് കഴിക്കുന്നത് ഡിമെൻഷ്യ തടയാൻ സഹായിക്കുമെന്ന് പഠനം; ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പുതിയ മാർഗ്ഗം

ന്യൂയോർക്ക്: പാൽക്കട്ടി അഥവാ ചീസ് കഴിക്കുന്നത് വാർദ്ധക്യം മൂലമുണ്ടാകുന്ന മനോരോഗങ്ങളും ഓർമ്മക്കുറവും ഉണ്ടാക്കുന്ന ഡിമെൻഷ്യ അസുഖം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനങ്ങൾ. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ്, ജപ്പാനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഭക്ഷണക്രമവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഉള്ളത്.

ജപ്പാനിലെ 65 വയസ്സിനു മുകളിൽ പ്രായമുള്ള ഏകദേശം 8,000 പേരെ പങ്കെടുപ്പിച്ചു നടത്തിയ വിപുലമായ പഠനത്തിലാണ് കണ്ടെത്തൽ. ആഴ്ചയിൽ ഒരിക്കലെങ്കിലും ചീസ് കഴിക്കുന്നവർക്ക്, ചീസ് ഒട്ടും കഴിക്കാത്തവരെ അപേക്ഷിച്ച് ഡിമെൻഷ്യ വരാനുള്ള സാധ്യത 24 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. മൂന്ന് വർഷത്തോളം നീണ്ടുനിന്ന നിരീക്ഷണത്തിനൊടുവിലാണ് ശാസ്ത്രജ്ഞർ നിഗമനത്തിൽ എത്തിയത്.

ചീസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ, പ്രോബയോട്ടിക്സുകൾ (ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന സൂക്ഷ്മാണുക്കൾ), ആന്റിഓക്‌സിഡന്റുകൾ (ഓക്സീകരണത്തെ തടയുന്ന പദാർത്ഥങ്ങൾ) എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്നാണ് കരുതപ്പെടുന്നത്. ചീസിലെ പോഷകങ്ങൾ രക്തധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നാഡീകോശങ്ങളുടെ സംരക്ഷണത്തിനും സഹായിക്കുന്നു. ചീസ് പോലുള്ള പുളിപ്പിച്ച പാലുൽപ്പന്നങ്ങൾ വയറിലെ ഗുണകരമായ ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും അതുവഴി തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അതേസമയം, പഠനം ചീസും ഡിമെൻഷ്യയും തമ്മിലുള്ള ഒരു ബന്ധം മാത്രമാണ് സൂചിപ്പിക്കുന്നതെന്നും ചീസ് കഴിക്കുന്നത് കൊണ്ട് മാത്രം ഡിമെൻഷ്യ പൂർണ്ണമായും തടയാനാകുമെന്ന് ഇതിനർത്ഥമില്ലന്നും ശാസ്ത്രജ്ഞർ പറഞ്ഞു. സംസ്കരിച്ച ചീസിനേക്കാൾ പ്രകൃതിദത്തമായതും പുളിപ്പിച്ചതുമായ ചീസുകൾ കൂടുതൽ ഗുണകരമാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ നിരീക്ഷിക്കുന്നു. മിതമായ അളവിൽ ചീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഓർമ്മക്കുറവ് കുറയ്ക്കാൻ സഹായിക്കുമെന്നു കരുതുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles