പാലക്കാട്: വാളയാറിൽ കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ നേരിട്ടത് അതിക്രൂരമായ പീഡനങ്ങളാണെന്ന് ഫോറൻസിക് റിപ്പോർട്ട്. ഇയാളുടെ ശരീരത്തിൽ മർദ്ദനമേൽക്കാത്ത ഒരിഞ്ച് സ്ഥലം പോലുമില്ലെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജൻ വ്യക്തമാക്കി.
തല മുതൽ പാദം വരെ ലാത്തിയും വടികളും ഉപയോഗിച്ച് തല്ലിച്ചതച്ച നിലയിലായിരുന്നു ശരീരം. ആന്തരിക രക്തസ്രാവമാണ് മരണത്തിന് പ്രധാന കാരണമായത്. മർദ്ദനത്തിന്റെ തീവ്രതയിൽ ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്. വസ്ത്രങ്ങൾക്കുള്ളിൽ പോലും മർദ്ദനമേറ്റ പാടുകൾ വ്യക്തമായിരുന്നു.
ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറമുള്ള മൃഗീയമായ ക്രൂരതയാണ് ഇയാൾക്ക് നേരെ ഉണ്ടായതെന്ന് അന്വേഷണ സംഘം പറയുന്നു. മർദ്ദനം മണിക്കൂറുകളോളം നീണ്ടുനിന്നതായാണ് സൂചന. സംഭവത്തിൽ കൃത്യമായ തെളിവുകൾ ശേഖരിച്ച പോലീസ് അഞ്ചുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് നേരെ വർദ്ധിച്ചുവരുന്ന ഇത്തരം ആൾക്കൂട്ട അതിക്രമങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.



