കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനാർഥി പ്രഖ്യാപനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത തർക്കം പുതിയ തലത്തിലേക്ക്. പാർട്ടി തീരുമാനത്തിൽ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയ ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തി. “എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ല” എന്ന കുറിപ്പോടെ ദീപ്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് കുഴൽനാടൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
പാർട്ടി സർക്കുലർ ലംഘിച്ചെന്ന് ആരോപണം കെ.പി.സി.സി പുറപ്പെടുവിച്ച സർക്കുലർ പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് മേയർ സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് ദീപ്തി മേരി വർഗീസ് ആരോപിക്കുന്നു. കെ.പി.സി.സി നിരീക്ഷകൻ എത്തി കൗൺസിലർമാരെ വ്യക്തിപരമായി കേൾക്കണമെന്നും ഭൂരിഭാഗം പേർ പിന്തുണയ്ക്കുന്നയാളെ തെരഞ്ഞെടുക്കണമെന്നുമാണ് പാർട്ടി നിലപാട്. എന്നാൽ കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ. വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടതെന്നും ഇവർ നൽകിയ റിപ്പോർട്ടിലെ കണക്കുകൾ വിശ്വസനീയമല്ലെന്നുമാണ് ദീപ്തിയുടെ പക്ഷം.
അപ്രതീക്ഷിത വിജയം, തുടർന്ന് തർക്കം കൊച്ചി കോർപ്പറേഷനിൽ ഇത്തവണ യു.ഡി.എഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 76 സീറ്റുകളിൽ 46 എണ്ണവും യു.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫ് 20 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ എൻ.ഡി.എ ആറ് സീറ്റുകൾ നേടി. വലിയ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചിട്ടും ആഭ്യന്തര കലഹം രൂക്ഷമായത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം മെറിറ്റ് നോക്കി തീരുമാനമെടുക്കണമെന്ന ആവിശ്യം ശക്തമാകുന്നതിനിടെയാണ് മാത്യു കുഴൽനാടനെപ്പോലുള്ള യുവനേതാക്കളുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. പാർട്ടിയിലെ ജനാധിപത്യ രീതികൾ അട്ടിമറിക്കപ്പെട്ടുവെന്ന ദീപ്തിയുടെ ആരോപണത്തിന് ലഭിക്കുന്ന പിന്തുണ വരും ദിവസങ്ങളിൽ കൊച്ചിയിലെ രാഷ്ട്രീയ നീക്കങ്ങളെ നിർണ്ണായകമായി സ്വാധീനിച്ചേക്കാം.



