20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്റെ പങ്കെന്ത്? ചോദ്യവുമായി പ്രിയങ്ക് ഖാർഗെ

ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) ശതാബ്ദി ആഘോഷങ്ങൾക്കിടെ കടുത്ത വിമർശനവുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസ് വഹിച്ച പങ്കെന്താണെന്ന് വ്യക്തമാക്കാൻ അദ്ദേഹം സംഘടനയെ വെല്ലുവിളിച്ചു. ക്വിറ്റ് ഇന്ത്യാ സമരം ഉൾപ്പെടെയുള്ള നിർണ്ണായക ഘട്ടങ്ങളിൽ ആർ.എസ്.എസ് എവിടെയായിരുന്നുവെന്നും ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള അവരുടെ നിലപാട് എന്തായിരുന്നുവെന്നും ചരിത്രരേഖകൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന് വേണ്ടി സംഘടന ചെയ്ത പത്ത് സംഭാവനകളെങ്കിലും എണ്ണിപ്പറയാൻ ബി.ജെ.പി നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കുന്നതിനെയും ഖാർഗെ രൂക്ഷമായി വിമർശിച്ചു. സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭരണഘടനയോടും ദേശീയ പതാകയോടും സംഘടന പുലർത്തുന്ന വിമുഖതയെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഖാർഗെയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കർണാടകയിൽ രാഷ്ട്രീയ വിവാദം പുകയുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles