കൊല്ലം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് കൊല്ലം നഗരത്തിൽ ലഹരിമരുന്ന് വിതരണം നടത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പോലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡന്റായ റെനീഫ്, ഇരവിപുരം സ്വദേശി ഷാരുഖ് ഖാൻ എന്നിവരെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്.
പുത്തൻചന്ത റെയിൽവേ ഗേറ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് കണ്ടെടുത്തത്. ആഘോഷ സീസണിൽ നഗരത്തിൽ വ്യാപകമായി ലഹരിമരുന്ന് എത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് സിറ്റി പോലീസ് പരിശോധന കർശനമാക്കിയിരുന്നു.
പ്രതികൾക്ക് അന്തർസംസ്ഥാന ലഹരിമാഫിയയുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഉത്സവ സീസണുകളിലെ വലിയ ലാഭം ലക്ഷ്യമിട്ടാണ് ഇവർ മാരകമായ കെമിക്കൽ ലഹരിമരുന്നുകൾ വിതരണത്തിനെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിനായി കൊല്ലം സിറ്റി പോലീസിന്റെ പ്രത്യേക സ്ക്വാഡുകൾ വരും ദിവസങ്ങളിലും പരിശോധന തുടരും.



