മക്ക: ഡ്യൂട്ടിക്കിടെ പരിക്കേറ്റ മക്കയിലെ മസ്ജിദുൽ ഹറാമിലെ സുരക്ഷാ ഉദ്യോഗസ്ഥനെ സൗദി ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ഫോണിൽ വിളിച്ച് പ്രശംസിച്ചു. ഉദ്യോഗസ്ഥന്റെ ധീരതയെയും സേവന സന്നദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.
മസ്ജിദുൽ ഹറാമിന്റെ മുകളിലത്തെ നിലയിൽ നിന്ന് ഒരാൾ താഴേക്ക് ചാടാൻ ശ്രമിച്ചപ്പോഴാണ് സംഭവം. താഴെ വീഴാൻ പോയ ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥനായ റയാൻ ബിൻ സയീദ് ബിൻ യഹിയ അൽ-അഹ്മദിക്ക് പരിക്കേറ്റത്.
ഉദ്യോഗസ്ഥന്റെ വേഗത്തിലുള്ള ഇടപെടലും തൊഴിൽപരമായ മികവും അങ്ങേയറ്റം പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. കേവലം ഔദ്യോഗിക കൃത്യനിർവ്വഹണത്തിനപ്പുറം മാനുഷികമായ വലിയൊരു കടമയാണ് അദ്ദേഹം നിർവ്വഹിച്ചതെന്നും സൗദി സുരക്ഷാ സൈനികർ ഉയർത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങളുടെ പ്രതിഫലനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കേറ്റ ഉദ്യോഗസ്ഥന്റെ ആരോഗ്യവിവരങ്ങൾ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥാക്കുന്നതായും മന്ത്രി അറിയിച്ചു.
വ്യാഴാഴ്ചയായിരുന്നു മക്ക ഹറമിൽ ഈ സംഭവം നടന്നത്. താഴേക്ക് ചാടിയ വ്യക്തിക്കും പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. സംഭവത്തിൽ നിയമപരമായ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.
മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന അർപ്പണബോധത്തിന് ഭരണകൂടത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി ആവർത്തിച്ചു.



