അഗർത്തല: ത്രിപുരയിലെ ധലൈ ജില്ലയിൽ മുസ്ലീം പള്ളിക്ക് നേരെ അക്രമികൾ നടത്തിയ അതിക്രമത്തെത്തുടർന്ന് പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ. പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ സാമൂഹ്യവിരുദ്ധർ മസ്ജിദ് തകർക്കാനും തീയിടാനും ശ്രമിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പള്ളിക്കകത്ത് മദ്യക്കുപ്പികൾ ഉപേക്ഷിക്കുകയും ഭീഷണിപ്പെടുത്തുന്ന കത്തുകൾ പതിപ്പിക്കുകയും ചെയ്ത നിലയിലാണ്. നാശനഷ്ടങ്ങൾ വരുത്തിയതിന് പുറമെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള രീതികളും അക്രമികൾ അവലംബിച്ചിട്ടുണ്ട്. ത്രിപുരയിൽ ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. അക്രമികളെ ഉടൻ പിടികൂടണമെന്നും പ്രദേശത്തെ മതസൗഹാർദ്ദം തകർക്കാനുള്ള ഗൂഢശ്രമമാണിതെന്നും നാട്ടുകാർ ആരോപിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിനായി ധലൈ ജില്ലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതിന് മുൻപും ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും ഭരണകൂടം അഭ്യർത്ഥിച്ചു.



