23.4 C
Saudi Arabia
Tuesday, March 24, 2026
spot_img

ബുൾഡോസർ നടപടിക്കെതിരെ സാദിഖലി തങ്ങൾ; ‘ജനങ്ങളെ കണക്കിലെടുക്കണമായിരുന്നു’

മലപ്പുറം: കർണാടകയിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നടത്തിയ കൂട്ട ഒഴിപ്പിക്കലിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. കർണാടകയിൽ സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണെന്നും സർക്കാർ ഭൂമി തിരിച്ചുപിടിക്കുമ്പോൾ അവിടെ താമസിക്കുന്ന ജനങ്ങളെക്കൂടി പരിഗണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ നടപടികൾക്കപ്പുറം മാനുഷിക പരിഗണന നൽകുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യെലഹങ്കയിൽ മുന്നറിയിപ്പില്ലാതെ 300-ഓളം വീടുകൾ ഇടിച്ചുനിരത്തിയ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. കേന്ദ്ര കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ കർണാടക സർക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം. അതേസമയം, കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി 200 ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകുന്നതുൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളെക്കുറിച്ച് കർണാടക സർക്കാർ ആലോചിക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ‘ബുൾഡോസർ നീതി’ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പിന്തുടരുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles