കോഴിക്കോട്: കോഴിക്കോട് ബീച്ചിലെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), ഷബീറലി (41) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ബീച്ചിൽ വെച്ച് പരിചയപ്പെട്ട പ്രതികൾ പന്തീരാങ്കാവിലെ ഫ്ലാറ്റിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ലഹരിമരുന്ന് നൽകി അവശയാക്കിയ ശേഷമായിരുന്നു അതിക്രമം. പീഡനത്തിന് ശേഷം പെൺകുട്ടിയെ തിരികെ ബീച്ചിൽ ഉപേക്ഷിച്ചാണ് പ്രതികൾ കടന്നുകളഞ്ഞത്.
ബീച്ചിൽ അർദ്ധബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ വിനോദസഞ്ചാരികൾ വനിതാ ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസിൽ കാസർകോട് സ്വദേശികളായ മറ്റ് രണ്ട് പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. ടൗൺ എ.സി ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്.



