ഗാസ: ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ്‌സിന് പുതിയ വക്താവ് ചുമതലയേറ്റു. മുൻ വക്താവായിരുന്ന അബൂ ഉബൈദയുടെ (ഹുദൈഫ അൽ കഹ്‌ലൗത്ത്) രക്തസാക്ഷിത്വം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അതേ വേഷപ്പകർച്ചയിൽ പുതിയ വക്താവ് ലോകത്തിന് മുന്നിലെത്തിയത്.
തന്റെ മുൻഗാമിയോടുള്ള ആദരസൂചകമായി ‘അബൂ ഉബൈദ’ എന്ന നാമത്തിൽ തന്നെയാണ് ഇദ്ദേഹവും അറിയപ്പെടുക. അവസാന ശ്വാസം വരെ ഫലസ്തീൻ പതാക ഉയർത്തിപ്പിടിക്കുമെന്നും രക്തസാക്ഷികൾ വെട്ടിത്തെളിച്ച പാതയിലൂടെ പോരാട്ടം തുടരുമെന്നും പുതിയ വക്താവ് തന്റെ ആദ്യ പ്രഭാഷണത്തിൽ പ്രഖ്യാപിച്ചു.
തങ്ങളുടെ പ്രിയ നേതാക്കളുടെയും പോരാളികളുടെയും വിയോഗം ഹമാസിനെ തളർത്തിയിട്ടില്ലെന്നും മറിച്ച് പോരാട്ടവീര്യം വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ജനങ്ങളുടെ ക്ഷമയെയും ദൃഢനിശ്ചയത്തെയും പ്രകീർത്തിച്ച അദ്ദേഹം, ശത്രുക്കൾ വിചാരിക്കുന്നതിലും അപ്പുറമാണ് തങ്ങളുടെ ആത്മബലം എന്ന് ഓർമ്മിപ്പിച്ചു.
ഗാസയുടെ മണ്ണിൽ ചൊരിയപ്പെട്ട ഓരോ തുള്ളി രക്തവും വിജയത്തിലേക്കുള്ള വഴിവിളക്കാണെന്നും ഫലസ്തീന്റെ വിമോചനം വരെ പതാക താഴെ വയ്ക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. പുതിയ വക്താവിന്റെ വരവോടെ ഹമാസിന്റെ സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



