ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട യാത്രക്കാരിക്ക് തുണയായി മലയാളി ഡോക്ടറുടെ ഇടപെടൽ. യാത്രക്കിടെ പെൺകുട്ടിക്ക് കലശലായ ചെവി വേദനയും രക്തസ്രാവവും അനുഭവപ്പെട്ടതോടെ വിമാനത്തിലെ ക്യാബിൻ ക്രൂ സഹായത്തിനായി ഡോക്ടർമാരുടെ സേവനം തേടുകയായിരുന്നു. ഈ സമയം വിമാനത്തിലുണ്ടായിരുന്ന മലയാളി ഡോക്ടറായ ഡോ. ജസീന ഉടൻ തന്നെ മുന്നോട്ടുവരികയും യാത്രക്കാരിക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകി ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്തു.
ഡോക്ടറുടെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടസാഹചര്യം ഒഴിവാക്കാൻ സഹായിച്ചു. വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ പെൺകുട്ടിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ച ഡോക്ടറുടെ സേവനത്തെ വിമാന ജീവനക്കാരും സഹയാത്രികരും അഭിനന്ദിച്ചു. ഡോക്ടർക്ക് നന്ദി സൂചകമായി ക്യാബിൻ ക്രൂ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ പ്രശംസാപത്രവും സമ്മാനവും വിമാനത്തിനുള്ളിൽ വെച്ച് കൈമാറി. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാർ നൽകുന്ന നിസ്വാർത്ഥമായ സേവനം മനുഷ്യത്വത്തിന്റെ വലിയ മാതൃകയാണെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു.



