കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശങ്ങളിലൂടെ സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. സുനന്ദാണ് പരാതിക്കാരൻ. പൊതുസമൂഹത്തിൽ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ഇതിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വെള്ളാപ്പള്ളി നടത്തിയ വിവാദ പ്രസ്താവനകളും മതവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള അധിക്ഷേപങ്ങളും സാമൂഹിക സമാധാനം തകർക്കുന്നതാണെന്ന് സുനന്ദ് ചൂണ്ടിക്കാട്ടി. ഒരു സമുദായത്തെയും സംഘടനയെയും പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസംഗങ്ങൾ തടയാൻ പോലീസ് തയ്യാറാകണമെന്നും പരാതിയിൽ പറയുന്നുണ്ട്. പോലീസ് കേസെടുത്ത് നടപടി സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുനന്ദ് വ്യക്തമാക്കി. പ്രായത്തിന് നിരക്കാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളിയിൽ നിന്ന് ഉണ്ടാകുന്നതെന്നും ഇത് കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.



