19.1 C
Saudi Arabia
Friday, March 27, 2026
spot_img

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ; എം.എൽ.എ സ്ഥാനം നഷ്ടമാകും

തിരുവനന്തപുരം: മൂന്നര പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും ഇടത് എം.എൽ.എയുമായ ആന്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷവും രേഖകളിൽ കൃത്രിമം കാണിച്ചതിന് രണ്ട് വർഷവുമാണ് ശിക്ഷ. ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് എം.എൽ.എ സ്ഥാനം നഷ്ടമാവുകയും അടുത്ത ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപ്പിക്കപ്പെടുകയും ചെയ്യും.

1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവത്തോറിനെ രക്ഷിക്കാൻ വേണ്ടി, അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. കോടതി ജീവനക്കാരനായിരുന്ന ജോസ് ആണ് കേസിൽ ഒന്നാം പ്രതി. ഇയാൾക്കും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ കർശന നിർദ്ദേശപ്രകാരം ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്നും നീതിക്കായി നിയമപോരാട്ടം തുടരുമെന്നും ആന്റണി രാജു പ്രതികരിച്ചു. അപ്പീൽ നൽകുന്നതിനായി കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്

 

Related Articles

- Advertisement -spot_img

Latest Articles