ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ശനിയാഴ്ച രാവിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ദൃശ്യപരത കുറഞ്ഞതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട 21 വിമാനങ്ങളും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് വിമാനങ്ങളുമടക്കം ആകെ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി ദുബൈ എയർപോർട്‌സ് അറിയിച്ചു. രാവിലെ പത്ത് മണിയോടെ മൂടൽമഞ്ഞ് നീങ്ങിയതിനെത്തുടർന്ന് വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടുണ്ട്. ദുബൈ കൂടാതെ അബുദാബിയുടെ വിവിധ പ്രദേശങ്ങളിലും ശനിയാഴ്ച പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്.
റോഡുകളിൽ കാഴ്ചപരിധി കുറഞ്ഞ സാഹചര്യത്തിൽ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അബുദാബിയിലെ വിവിധ റോഡുകളിൽ വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ച് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിലും പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞ് തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥാ വ്യതിയാനം വ്യോമ-ഗതാഗത മേഖലകളെ ചെറിയ രീതിയിൽ ബാധിച്ചെങ്കിലും ഉച്ചയോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി.



