മദീന: സൗദി അറേബ്യയിലെ മദീനക്ക് സമീപം നടന്ന വാഹനാപകടത്തിൽ ഒരു മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ജിദ്ദ-മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. കുടുംബം സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലും കുടുംബവും മദീന സന്ദർശനത്തിനായി പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന ജലീലിന്റെ മറ്റ് മൂന്ന് മക്കളായ അയിഷ (15), ഹാദിയ (9), നൂറ (7) എന്നിവർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ അയിഷ കിങ് ഫഹദ് ആശുപത്രിയിലും ഇളയ കുട്ടികൾ സൗദി ജർമ്മൻ ആശുപത്രിയിലുമാണുള്ളത്. വർഷങ്ങളായി ജിദ്ദയിലുള്ള അബ്ദുൽ ജലീലിനെ കാണാൻ സന്ദർശന വിസയിലെത്തിയതായിരുന്നു ഭാര്യയും മക്കളും. മാതാവ് മൈമൂനത്ത് ഉംറ വിസയിലുമാണ് സൗദിയിലെത്തിയത്. മദീന കെ.എം.സി.സി ഭാരവാഹികൾ ആശുപത്രിയിലെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകിവരുന്നു.



