15.6 C
Saudi Arabia
Thursday, March 26, 2026
spot_img

മലമ്പുഴ അധ്യാപക പീഡനക്കേസ്; വിവരം മറച്ചുവെച്ചതിന് സ്കൂൾ അധികൃതർക്കെതിരെയും നടപടി

പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡനവിവരം കൃത്യസമയത്ത് അറിഞ്ഞിട്ടും അത് അധികാരികളെ അറിയിക്കാതെ മറച്ചുവെക്കാനും പ്രതിയായ അധ്യാപകനെ സംരക്ഷിക്കാനും വിദ്യാലയ അധികൃതർ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഡിസംബർ 18-ന് വിദ്യാർഥി സഹപാഠിയോട് വിവരം വെളിപ്പെടുത്തുകയും അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ ഇതറിയുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഡിസംബർ 19-ന് അധ്യാപകനെതിരെ സ്കൂൾ മാനേജ്‌മെന്റ് നടപടിയെടുത്തെങ്കിലും പോലീസിലോ ചൈൽഡ് ലൈനിലോ വിവരം കൈമാറാൻ വൈകിയത് വലിയ വീഴ്ചയായി പോലീസ് കാണുന്നു.

സംഭവം മറച്ചുവെച്ചതുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർക്കെതിരെ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇവരോട് ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പീഡനക്കേസിൽ അറസ്റ്റിലായ അധ്യാപകൻ അനിലിനെതിരെ പോക്സോ നിയമത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. നവംബർ 29-നാണ് അധ്യാപകന്റെ ക്വാർട്ടേഴ്സിൽ വെച്ച് പീഡനം നടന്നത്. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ഗൗരവകരമാണെന്നും കൃത്യവിലോപം കാണിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles