മലപ്പുറം: പൊന്നാനി തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത ‘എഴുത്ത് ലോട്ടറി’ മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു. കേവലം പത്ത് രൂപ മുടക്കിയാൽ 50,000 രൂപ വരെ സമ്മാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് സാധാരണക്കാരായ തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും ഈ മാഫിയ കെണിയിൽ വീഴ്ത്തുന്നത്. ലോട്ടറി ടിക്കറ്റുകൾക്ക് പകരം വെറും തുണ്ടുപേപ്പറുകളിൽ നമ്പർ എഴുതി നൽകിയാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്. കേരള സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്നക്ക നമ്പറുകളെ അടിസ്ഥാനമാക്കിയാണ് ഇവരുടെ നറുക്കെടുപ്പ് നടക്കുന്നത്. ഒരു നമ്പർ എഴുതുന്നതിന് 10 രൂപയാണ് ഈടാക്കുന്നത്. സമ്മാനമായി 500 രൂപ മുതൽ 50,000 രൂപ വരെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പാവപ്പെട്ടവരിൽ നിന്ന് വൻ തുക തട്ടിയെടുക്കുന്നത്.
പോലീസിന്റെയും ലോട്ടറി വകുപ്പിന്റെയും കണ്ണ് വെട്ടിക്കാൻ അതീവ രഹസ്യമായാണ് ഇവരുടെ പ്രവർത്തനം. വാട്സാപ്പ് വഴിയും ഫോൺ വഴിയുമാണ് പലപ്പോഴും ഇടപാടുകൾ നടക്കുന്നത്. ഇതിനകം നിരവധി പേർക്ക് ലക്ഷക്കണക്കിന് രൂപയാണ് ഈ ലോട്ടറി കെണിയിൽപ്പെട്ട് നഷ്ടമായിരിക്കുന്നത്. എഴുത്ത് ലോട്ടറി സജീവമായതോടെ പ്രദേശത്ത് സാമ്പത്തിക തകർച്ചയും കുടുംബ പ്രശ്നങ്ങളും വർദ്ധിക്കുന്നതായും പരാതിയുണ്ട്. അനധികൃത ലോട്ടറി വിൽപ്പനയ്ക്കെതിരെ നടപടി ശക്തമാക്കണമെന്നും ഇത്തരം സംഘങ്ങളെ പിടികൂടാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പണമിടപാടുകൾ രഹസ്യമായതിനാൽ തട്ടിപ്പ് പുറത്തറിയാത്തതും മാഫിയക്ക് വളമാകുന്നുണ്ട്.



