സുൽത്താൻ ബത്തേരി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്നെ വേട്ടയാടാനാണ് നീക്കമെങ്കിൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത അദ്ദേഹം, തന്നെ അറസ്റ്റ് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ അതിനും തയ്യാറാണെന്ന് വെല്ലുവിളിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വെറും രാഷ്ട്രീയ പകപോക്കലുകൾ മാത്രമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
പുനർജനി പദ്ധതിക്ക് സ്വന്തമായി ഫണ്ടോ അക്കൗണ്ടോ ഇല്ലെന്നും, സഹായം നൽകിയവർ നേരിട്ട് ഗുണഭോക്താക്കൾക്കാണ് പണം കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം നാല് തവണ അന്വേഷണം നടത്തിയിട്ടും യാതൊരു ക്രമക്കേടും കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വിദേശ സഹായ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾ എപ്പോഴേ ഇടപെടേണ്ടതായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും, എൽഡിഎഫിൽ നിന്നുള്ള നിരവധി പ്രമുഖർ ഉടൻ യുഡിഎഫിൽ എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.



