27.8 C
Saudi Arabia
Monday, February 23, 2026
spot_img

അതിജീവിതയുടെ പരാതിയിൽ വീണ്ടും കുരുക്ക്; മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ വീണ്ടും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. നേരത്തെ ഇതേ കേസിൽ അറസ്റ്റിലായിരുന്ന രാഹുൽ ഈശ്വർ, അതിജീവിതയെ അപമാനിക്കരുത് എന്ന കർശനമായ ജാമ്യവ്യവസ്ഥയിലാണ് പുറത്തിറങ്ങിയത്. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും യൂട്യൂബിലൂടെ അപകീർത്തികരമായ വീഡിയോ പങ്കുവെച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

താൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വസ്തുതകൾ മാത്രമാണ് വീഡിയോയിൽ പങ്കുവെച്ചതെന്നും രാഹുൽ ഈശ്വർ ജാമ്യാപേക്ഷയിൽ വാദിക്കുന്നു. അതിജീവിതയുടെ പേരോ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളോ വീഡിയോയിൽ നൽകിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, അതിജീവിതയെ സൈബർ ഇടത്തിൽ നിരന്തരം ലക്ഷ്യം വെക്കുന്നുവെന്നും അവരെ അപമാനിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നുമാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. കഴിഞ്ഞ നവംബറിൽ അറസ്റ്റിലായ രാഹുൽ 16 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം നേടിയത്. പുതിയ പരാതിയിൽ തിരുവനന്തപുരം സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles