സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ മുസ്‍ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷമായ കൊലവിളി പ്രസംഗവുമായി ഡി.വൈ.എഫ്.ഐ നേതാവ് ലിജോ ജോണി രംഗത്തെത്തി. സി.പി.എം പ്രവർത്തകർക്കെതിരെ നീങ്ങാൻ ശ്രമിച്ചാൽ മയ്യത്ത് കട്ടിലിന്റെ കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വന്നാൽ മതിയെന്നായിരുന്നു മുൻ ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ കൂടിയായ ലിജോയുടെ ഭീഷണി. ലീഗ് പ്രവർത്തകരെ നായ്ക്കളെ അടിക്കുന്നത് പോലെ സി.പി.എമ്മുകാർ അടിച്ചോടിച്ചിട്ടുണ്ടെന്നും അത് ആവർത്തിക്കുമെന്നും ലിജോ പ്രസംഗത്തിൽ പറഞ്ഞു. പ്രാദേശിക നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു പ്രസംഗം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബത്തേരി നഗരസഭ യു.ഡി.എഫ് പിടിച്ചെടുത്തതിനെ ത്തുടർന്നുണ്ടായ ആഘോഷപ്രകടനങ്ങൾക്കിടെ സി.പി.എം പ്രവർത്തകന്റെ വീടിന് പടക്കമെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ സി.പി.എം പ്രവർത്തകർ ജയിലിലായിരുന്നു. ജയിൽ മോചിതനായ ശേഷം നടന്ന യോഗത്തിലാണ് ലിജോ ജോണിയുടെ വിവാദ പ്രസംഗം ഉണ്ടായത്. ലിജോയുടെ പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധവുമായി യു.ഡി.എഫ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ലിജോ ജോണിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്‍ലിം ലീഗ് നേതാക്കൾ അറിയിച്ചു. പ്രദേശത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷാവസ്ഥ ഈ പ്രസംഗത്തോടെ കൂടുതൽ വഷളായിരിക്കുകയാണ്.



