21.7 C
Saudi Arabia
Wednesday, March 25, 2026
spot_img

ഡൽഹിയിൽ പാതിരാത്രി ബുൾഡോസർ നടപടി; തുർക്മാൻ ഗേറ്റിൽ വൻ സംഘർഷം, പോലീസിന് നേരെ കല്ലേറ്

ന്യൂഡൽഹി: ഡൽഹിയിലെ തുർക്മാൻ ഗേറ്റിൽ പള്ളിക്ക് സമീപമുള്ള അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കുന്നതിനിടെ വ്യാപക സംഘർഷം. പുലർച്ചെ ഒന്നരയോടെ മുപ്പതോളം മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തിയ മുനിസിപ്പൽ കോർപറേഷൻ അധികൃതരെ പ്രദേശവാസികൾ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും, മുന്നറിയിപ്പില്ലാതെ അർദ്ധരാത്രിയിൽ എത്തിയതിനെ ജനങ്ങൾ എതിർത്തു. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസിന് നേരെ കല്ലേറുണ്ടാവുകയും അഞ്ച് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്ഥിതി നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. റാംലീല മൈതാനത്തിന് സമീപമുള്ള ഫൈസെ ഇലാഹി മസ്ജിദിനോട് ചേർന്നുള്ള 38,940 ചതുരശ്ര അടി സ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചത്. പകൽ സമയത്തെ ഗതാഗത തടസ്സവും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും ഒഴിവാക്കാനാണ് അർദ്ധരാത്രിയിൽ ഒഴിപ്പിക്കൽ നടപടി തുടങ്ങിയതെന്ന് പൊലീസ് വിശദീകരിച്ചു. എന്നാൽ, കൊടും തണുപ്പിൽ രാത്രിയുടെ മറവിൽ നടത്തിയ ഈ നീക്കം പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് നിലവിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കോടതി അനുവദിച്ച മൂന്നു മാസത്തെ കാലാവധിക്കുള്ളിൽ ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം.

 

Related Articles

- Advertisement -spot_img

Latest Articles