അഗർത്തല: പൂജാ ആഘോഷങ്ങൾക്കായി പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ വ്യാപകമായ വർഗീയ സംഘർഷം. കുമാർഘട്ടിൽ മുസ്‌ലിം വിഭാഗത്തിന്റെ വീടുകൾക്കും കടകൾക്കും നേരെ തീവ്ര ഹിന്ദുത്വവാദികൾ അക്രമം അഴിച്ചുവിടുകയും ഒരു പള്ളിക്ക് തീയിടുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശം സംഘർഷഭരിതമായത്. ജനുവരി 24 മുതൽ 26 വരെ നടക്കുന്ന ഭൈരബ് മേളയുമായി ബന്ധപ്പെട്ട് പണം പിരിക്കാനെത്തിയ സംഘവുമായി ഒരു വ്യാപാരി തർക്കത്തിലായതാണ് അക്രമങ്ങൾക്ക് തുടക്കമിട്ടത്.
സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് ഭരണകൂടം പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശം നിലവിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാണ്. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് , സി.ആർ.പി.എഫ് എന്നിവരെ വിന്യസിക്കുകയും ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും, പോലീസ് സാന്നിധ്യത്തിലും സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധം ശക്തമാണ്.



