റിയാദ്: റിയാദ് മെട്രോ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ 100 ദശലക്ഷാമത്തെ യാത്രക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മൊസായിദ് അൽ-ഉബൈദ് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ശനിയാഴ്ച അനുശോചനം രേഖപ്പെടുത്തി. മെട്രോ സർവീസ് ആരംഭിച്ച് ഒൻപത് മാസത്തിനുള്ളിൽ, 2025 ഓഗസ്റ്റിലായിരുന്നു അൽ-ഉബൈദ് ഈ അപൂർവ്വ നേട്ടത്തിന് അർഹനായത്.
ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ സ്ഥിരമായി മെട്രോ ഉപയോഗിച്ചിരുന്ന അദ്ദേഹം, തിരക്കേറിയ റിയാദിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ മെട്രോ വലിയ സഹായമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ നേട്ടത്തിന്റെ ഭാഗമായി അദ്ദേഹത്തിന് മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘ദർബ്’ (Darb) കാർഡ് നൽകി അധികൃതർ ആദരിച്ചിരുന്നു.
സ്വന്തം മക്കളെയും മെട്രോ യാത്ര ശീലിപ്പിക്കുന്നതിൽ അദ്ദേഹം മുൻകൈ എടുത്തിരുന്നു. ഒരു സാധാരണ യാത്രക്കാരനിൽ നിന്ന് മെട്രോയുടെ വിജയഗാഥയിലെ പ്രധാന മുഖമായി മാറിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ അതോറിറ്റിയും സഹയാത്രക്കാരും ദുഃഖം രേഖപ്പെടുത്തി.



