ജിദ്ദ: ജിദ്ദയിലെ അൽ-റുവൈസിലും പരിസരത്തുള്ള കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ 1,011 കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി താമസക്കാർക്ക് നോട്ടീസ് നൽകി. ചൊവ്വാഴ്ച (ജനുവരി 13) മുതൽ ഈ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി, ജലം തുടങ്ങിയ അവശ്യ സേവനങ്ങൾ വിച്ഛേദിച്ചു തുടങ്ങുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ നടത്തിയ സർവേയിലാണ് ഇത്രയും കെട്ടിടങ്ങൾ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയത്.
നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കി കെട്ടിട ഉടമകൾക്ക് ആവശ്യമായ സാവകാശം നൽകിയ ശേഷമാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കുന്നത്. നഗരസൗന്ദര്യം വർദ്ധിപ്പിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള സമഗ്ര നഗരപരിഷ്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. അപകടാവസ്ഥയിലുള്ള ഇത്തരം കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിലൂടെ താമസക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം ജിദ്ദയിലെ നഗര സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അധികൃതർ ലക്ഷ്യമിടുന്നു.



