തിരുവനന്തപുരം: പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഡി.ജി.പി ടി.പി. സെൻകുമാർ രംഗത്തെത്തി. അറസ്റ്റിൽ പഴുതുകളുണ്ടെന്നും കൃത്യമായ നിയമനടപടികൾ പാലിക്കാതെയാണ് പോലീസ് മുന്നോട്ടുപോയതെന്നും ആരോപിച്ച അദ്ദേഹം പോലീസിനോട് പത്ത് ചോദ്യങ്ങൾ ഉന്നയിച്ചു. ബി.എൻ.എസ്.എസ് നിയമപ്രകാരം പരാതി ലഭിച്ചാൽ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും ഈ കേസിൽ നടന്നിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതിജീവിതയെ 24 മണിക്കൂറിനകം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയോ എന്നും, വൈദ്യപരിശോധന പോലും നടത്താതെ എങ്ങനെയാണ് പരാതി വിശ്വാസയോഗ്യമാണെന്ന് പോലീസ് ഉറപ്പിച്ചത് എന്നും അദ്ദേഹം ചോദിക്കുന്നു. കാനഡയിൽ നിന്ന് ഇ-മെയിൽ വഴിയാണ് പരാതി ലഭിച്ചതെങ്കിൽ അത് രജിസ്റ്റർ ചെയ്യുന്നതിന് മുൻപുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനങ്ങൾ എങ്ങനെയാണ് ക്രിമിനൽ നടപടിയായി മാറുന്നത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഉയർത്തുന്നത്. ഈ നിയമപ്രശ്നങ്ങൾ കോടതിയിൽ തിരിച്ചടിയാകുമെന്നും ശരിയായ രീതിയിലല്ല അന്വേഷണമെങ്കിൽ പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



