ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം മൂന്നാം വാരത്തിലേക്ക് കടക്കുന്നതിനിടെ, പ്രതിഷേധക്കാർ വിവരങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ഇറാൻ തകർത്തു. റഷ്യയുടെയും ചൈനയുടെയും സഹായത്തോടെയുള്ള അത്യാധുനിക ജാമിങ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇറാൻ സ്റ്റാർലിങ്കിനെ നിശ്ചലമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ ‘മർമാൻസ്‌ക്-ബി.എൻ’ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചതായി കരുതപ്പെടുന്നു. നിലവിൽ രാജ്യത്തെ 40,000-ത്തോളം സ്റ്റാർലിങ്ക് ടെർമിനലുകൾ പ്രവർത്തനരഹിതമായതോടെ ഏകദേശം 80 ദശലക്ഷം ഇറാൻ സ്വദേശികൾ ഡിജിറ്റൽ ഇരുട്ടിലായിരിക്കുകയാണ്.
പ്രാദേശിക ഇന്റർനെറ്റ് നിയന്ത്രണങ്ങൾ മറികടക്കാൻ പ്രക്ഷോഭകർ വ്യാപകമായി സ്റ്റാർലിങ്കിനെ ആശ്രയിച്ചിരുന്നു. എന്നാൽ, സ്റ്റാർലിങ്ക് ഡിഷുകൾ കൈവശം വെക്കുന്നവർക്ക് വധശിക്ഷ വരെ നൽകാൻ ഭരണകൂടം ഉത്തരവിട്ടതായും സൂചനയുണ്ട്. ഉപഗ്രഹ സേവനം ഉപയോഗിക്കുന്നത് ചാരവൃത്തിയായി കണക്കാക്കിയാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഇറാനിലെ ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ ഇലോൺ മസ്‌കുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ പുറംലോകത്ത് എത്താതിരിക്കാൻ ഏതുവിധേനയും ഇന്റർനെറ്റ് തടയാനുള്ള തീവ്രശ്രമത്തിലാണ് ഇറാന്റെ സുരക്ഷാ ഏജൻസികൾ.



