ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിക്കു (ബി.ജെ.പി) പിന്നാലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) ഡൽഹിയിലെ ആസ്ഥാനം സന്ദർശിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ. ഡൽഹി കേശവ് കുഞ്ചിലെത്തിയ സൺ ഹൈയാന്റെ നേതൃത്വത്തിലുള്ള സംഘം ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാലെയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും സംഘം ചർച്ചകൾ നടത്തിയിരുന്നു. 2020-ലെ അതിർത്തി തർക്കത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായാണ് പാർട്ടിതലത്തിലുള്ള ഈ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അതേസമയം, ചൈനീസ് സംഘത്തിന്റെ സന്ദർശനത്തെച്ചൊല്ലി ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. ഇത് ബി.ജെ.പിയുടെ ‘സൗമ്യമായ കീഴടങ്ങലാണെന്ന്’ കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. ചൈനീസ് പ്രതിനിധികളുമായി കോൺഗ്രസ് നേതാക്കൾ സംസാരിക്കുമ്പോൾ രൂക്ഷമായി വിമർശിക്കുന്ന ബി.ജെ.പി, ഇപ്പോൾ അവർക്കായി ചുവന്ന പരവതാനി വിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതിർത്തി ലംഘനങ്ങളെക്കുറിച്ച് ഇത്തരം ചർച്ചകളിൽ വ്യക്തത വരുത്തുന്നുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെട്ട സാഹചര്യത്തിൽ പരസ്യമായാണ് കൂടിക്കാഴ്ച നടത്തിയതെന്നും കോൺഗ്രസിന്റേത് രഹസ്യ ഇടപാടുകളാണെന്നുമായിരുന്നു ബി.ജെ.പിയുടെ മറുപടി. ലഡാക്കിലെ സൈനിക പിന്മാറ്റത്തിന് പിന്നാലെ നയതന്ത്ര ചർച്ചകൾ പുനരാരംഭിച്ചതിന്റെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്.



