റിയാദ്: ഗാസയിൽ വെടിനിർത്തൽ തുടരുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സൗദി അറേബ്യ നൽകുന്ന അചഞ്ചലമായ പിന്തുണ ആവർത്തിച്ചു വ്യക്തമാക്കി സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഫലസ്തീൻ വിഷയത്തിൽ രാജ്യം സ്വീകരിക്കുന്ന ഉറച്ച നിലപാടുകൾ ഒരിക്കൽ കൂടി പ്രഖ്യാപിച്ചത്. ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമൂഹം കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനും സാധ്യമായ എല്ലാ നയതന്ത്ര നീക്കങ്ങളും തുടരുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. ഇതിന് പുറമെ, മേഖലയിലെ മറ്റ് സുരക്ഷാ പ്രശ്നങ്ങളും അന്താരാഷ്ട്ര സഹകരണവും യോഗം ചർച്ച ചെയ്തു. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗോള പങ്കാളികളുമായി ചേർന്ന് സൗദി അറേബ്യ പ്രവർത്തിക്കുമെന്നും സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ഊന്നിപ്പറഞ്ഞു.



