16.4 C
Saudi Arabia
Friday, March 27, 2026
spot_img

‘വയനാട് കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ വന്യജീവി ശല്യമല്ല, സി.പി.എമ്മിന്റെ ശല്യമാണുള്ളത്’; ഷാഫി പറമ്പിൽ

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നടപ്പിലാക്കുന്ന ഭവനപദ്ധതിയെ തകർക്കാൻ സി.പി.എം ശ്രമിക്കുന്നതായി ഷാഫി പറമ്പിൽ എം.പി ആരോപിച്ചു. മേപ്പാടി കുന്നമ്പറ്റയിൽ ഭവന നിർമ്മാണത്തിനായി കോൺഗ്രസ് ഏറ്റെടുത്ത ഭൂമിയിൽ കാട്ടാനശല്യം ഉണ്ടെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. പദ്ധതിക്കായി ഏറ്റെടുത്ത മൂന്നര ഏക്കറോളം വരുന്ന ഈ ഭൂമിക്ക് സമീപം നിലവിൽ റിസോർട്ടുകളും ആരാധനാലയങ്ങളും നിരവധി വീടുകളുമുണ്ട്. ഹൈവേയിൽ നിന്ന് വെറും നൂറ് മീറ്റർ മാത്രം അകലെയുള്ള ഈ സ്ഥലത്ത് ഒരു ടൗൺഷിപ്പ് നിർമ്മിക്കാൻ ശ്രമിക്കുമ്പോൾ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സർക്കാരും സി.പി.എമ്മും കാണിക്കണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദുരന്തസമയത്ത് കർണാടക സർക്കാർ ഉൾപ്പെടെ നൽകിയ സഹായങ്ങളെ വിലകുറച്ച് കാണാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പദ്ധതിയിൽ ചെറിയ കാലതാമസം ഉണ്ടായത് ഭൂമിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ്. എന്നാൽ അത് പരിഹരിച്ച് മുന്നോട്ടുപോകുമ്പോൾ വന്യജീവി ശല്യം എന്ന പേരിൽ വ്യാജവാർത്തകൾ നൽകുന്നത് കോൺഗ്രസ് വീടുകൾ പണിയരുത് എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിന്റെ പേരിൽ വാങ്ങിയ ഈ സ്ഥലത്ത് നൂറ് വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. യൂത്ത് കോൺഗ്രസ് സമാഹരിച്ച 1.05 കോടി രൂപയും പദ്ധതിക്കായി കെ.പി.സി.സിക്ക് കൈമാറിയിട്ടുണ്ട്. വയനാട്ടിലെ വന്യജീവി ശല്യത്തിൽ പത്ത് വർഷമായി തിരിഞ്ഞുനോക്കാത്ത സർക്കാരാണ് ഇപ്പോൾ പുനരധിവാസ പദ്ധതിക്ക് തുരങ്കം വെക്കാൻ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles