ജയ്പൂർ: വോട്ടർ പട്ടികയിൽ നിന്ന് മുസ്ലിം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ബിജെപി നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നതായി ആരോപിച്ച് രാജസ്ഥാനിൽ ബൂത്ത് ലെവൽ ഓഫീസർ (BLO) ആത്മഹത്യാ ഭീഷണി മുഴക്കി. ബിജെപി കൗൺസിലർ സുരേഷ് സൈനിയെ ഫോണിൽ വിളിച്ചാണ് ഉദ്യോഗസ്ഥൻ തന്റെ പ്രതിഷേധവും നിരാശയും അറിയിച്ചത്. “ഞാൻ കളക്ടറുടെ ഓഫീസിലെത്തി ആത്മഹത്യ ചെയ്യും” എന്ന് ബി.എൽ.ഒ കരഞ്ഞുകൊണ്ട് പറയുന്ന ഫോൺ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളിൽ വോട്ടർ പട്ടിക അട്ടിമറിക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.
ഹവാ മഹൽ മണ്ഡലത്തിലെ ബിജെപി എംഎൽഎ ബാൽമുകുന്ദ് ആചാര്യയുടെ (മഹാരാജ്) വിജയം സുഗമമാക്കാൻ മുസ്ലിം വോട്ടുകൾ ഒഴിവാക്കണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടതായാണ് സൂചന. കഴിഞ്ഞ തവണ വെറും 974 വോട്ടുകൾക്കാണ് ഇദ്ദേഹം ഇവിടെ നിന്ന് വിജയിച്ചത്. എസ്.ഐ.ആർ (SIR) നടപടിക്രമങ്ങളിലെ പിഴവുകളും ജോലിഭാരവും കാരണം രാജസ്ഥാനിൽ ഇതിനോടകം മൂന്ന് ബി.എൽ.ഒമാർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ആപ്പിലെ സാങ്കേതിക തകരാറുകൾക്കും കൃത്യമായ പരിശീലനത്തിന്റെ അഭാവത്തിനും പുറമെ, ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മർദ്ദം കൂടി ആയതോടെ ഉദ്യോഗസ്ഥർ കടുത്ത മാനസിക സംഘർഷത്തിലാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.



