തിരുവല്ല: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളി. ശനിയാഴ്ച ഉച്ചയോടെയാണ് മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച കോടതിയിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ പ്രോസിക്യൂഷന്റെ അപേക്ഷ പ്രകാരം അടച്ചിട്ട മുറിയിലായിരുന്നു നടന്നത്. ഇതോടെ രാഹുൽ മാവേലിക്കര സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.
ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ആവർത്തിച്ച് ഉൾപ്പെടുന്നയാളാണെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മറ്റ് രണ്ട് സമാന പരാതികളിൽ നേരത്തെ കോടതികളിൽ നിന്ന് ഇദ്ദേഹത്തിന് സംരക്ഷണം ലഭിച്ചിരുന്നെങ്കിലും, പുതിയ കേസിൽ ജനുവരി 11-നാണ് ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഫോണിന്റെ പാസ്‌വേഡ് കൈമാറാൻ വിസമ്മതിക്കുന്നത് ഉൾപ്പെടെയുള്ള നിസ്സഹകരണവും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.



