ലണ്ടൻ: ഇസ്രായേൽ തടങ്കലിലുള്ള ഫലസ്തീൻ തടവുകാരെ തൂക്കിക്കൊല്ലാൻ അനുവദിക്കുന്ന പുതിയ നിയമനിർമ്മാണ നീക്കത്തിനെതിരെ ലണ്ടനിൽ ആഗോള പ്രതിഷേധം. ‘റെഡ് റിബൺസ്’ എന്ന പേരിൽ ആക്ടിവിസ്റ്റുകൾ ആരംഭിച്ച കാമ്പെയ്‌നിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന റിബണുകളും തടവിലാക്കപ്പെട്ടവരുടെ ചിത്രങ്ങളും സ്ഥാപിച്ചു.
ഫലസ്തീൻ തടവുകാർക്ക് മാത്രമായി വധശിക്ഷ നടപ്പിലാക്കാനും, വിചാരണ കൂടാതെ അനിശ്ചിതകാലം തടങ്കലിൽ വെക്കാനും അധികാരം നൽകുന്ന ഇസ്രായേലിന്റെ വംശീയ നിയമങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കുട്ടികളും മെഡിക്കൽ തൊഴിലാളികളും ഉൾപ്പെടെ ഒമ്പതിനായിരത്തോളം ഫലസ്തീനികൾ നിലവിൽ ഇസ്രായേൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രായേൽ ജയിലുകൾ പീഡനത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് കാമ്പെയ്‌ൻ സംഘാടകർ ആരോപിച്ചു. മതിയായ തെളിവുകളില്ലാതെ തടവിലാക്കുന്ന ‘അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റൻഷൻ’ എന്ന ക്രൂരമായ രീതി വഴി 3,300-ഓളം പേരെയാണ് ഇസ്രായേൽ തടവിൽ വെച്ചിരിക്കുന്നത്.
ജയിലുകളിൽ അനുഭവിക്കുന്ന ശാരീരിക-ലൈംഗിക അതിക്രമങ്ങൾക്കും വൈദ്യസഹായം നിഷേധിക്കുന്നതിനുമെതിരെ ലോക മനസ്സാക്ഷി ഉണരണമെന്ന് ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു. ഗസ്സയിലെ വംശഹത്യാ യുദ്ധത്തിന് പിന്നാലെ തടവുകാരുടെ സ്ഥിതി അതീവ ദയനീയമാണെന്നും കസ്റ്റഡി മരണങ്ങൾ വർധിച്ചതായും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു



