തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ തർക്കത്തെത്തുടർന്ന് ബഹളത്തിൽ മുങ്ങി. ചരമോപചാരത്തിന് പിന്നാലെ സഭാനടപടികളിലേക്ക് കടന്നപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശബരിമലയിലെ സ്വർണ്ണക്കവർച്ചാ വിഷയം ഉന്നയിക്കുകയായിരുന്നു. സ്വർണ്ണക്കൊള്ളയിൽ പ്രതിപക്ഷം ശക്തമായ സമരത്തിലാണെന്നും അതിനാൽ സഭയുമായി സഹകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങുകയും സ്വർണ്ണക്കൊള്ളയെ പരിഹസിച്ചുകൊണ്ടുള്ള പാരഡി ഗാനങ്ങൾ ആലപിക്കുകയും ചെയ്തതോടെ സഭ പ്രക്ഷുബ്ധമായി.
പ്രതിപക്ഷത്തിന്റെ നീക്കത്തെ ഭരണപക്ഷം ശക്തമായി പ്രതിരോധിച്ചു. വിവാദ വ്യക്തികളുമായി കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം ആരോപിച്ചായിരുന്നു ഭരണപക്ഷത്തിന്റെ തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ചോദ്യം ചെയ്യുകയും മുദ്രാവാക്യങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. സഭയ്ക്കുള്ളിൽ അരങ്ങേറിയ അസാധാരണമായ പാരഡി ഗാനമേളയും വാക്പോരും കാരണം സഭാനടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ബഹളം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സ്പീക്കർ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ചു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിലും സഭയെ പ്രക്ഷുബ്ധമാക്കുമെന്നാണ് സൂചന.



