27.8 C
Saudi Arabia
Monday, February 23, 2026
spot_img

നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി ഗവർണർ; കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്

ബെംഗളൂരു: കർണാടക നിയമസഭയുടെ സംയുക്ത സമ്മേളനത്തിൽ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് തന്റെ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി മടങ്ങിയതിനെത്തുടർന്ന് സഭയിൽ നാടകീയ രംഗങ്ങൾ. സർക്കാരിന്റെ നയങ്ങളെയും കേന്ദ്ര വിരുദ്ധ പരാമർശങ്ങളെയും കുറിച്ചുള്ള വിയോജിപ്പിനെത്തുടർന്ന് വെറും രണ്ട് വരികൾ മാത്രം വായിച്ചാണ് ഗവർണർ പ്രസംഗം അവസാനിപ്പിച്ചത്. ഗവർണറുടെ ഈ നടപടിക്കെതിരെ ഭരണപക്ഷമായ കോൺഗ്രസ് രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതേത്തുടർന്ന് സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കനത്ത വാഗ്വാദവും ബഹളവും അരങ്ങേറി.

കേന്ദ്ര സർക്കാരിന്റെ ബി.വി.ജി റാംജി ബില്ലിനെയും തൊഴിലുറപ്പ് പദ്ധതിയെയും കുറിച്ചുള്ള വിമർശനങ്ങൾ ഉൾപ്പെട്ട 11 പാരഗ്രാഫുകൾ പ്രസംഗത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഗവർണർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാബിനറ്റ് അംഗീകരിച്ച പ്രസംഗത്തിൽ മാറ്റം വരുത്താൻ സിദ്ധരാമയ്യ സർക്കാർ തയ്യാറായിരുന്നില്ല. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഗവർണർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ ആരോപിക്കുമ്പോൾ, ബിജെപി ഗവർണറുടെ നിലപാടിന് പിന്തുണയുമായി രംഗത്തെത്തി. തമിഴ്‌നാടിനും കേരളത്തിനും പിന്നാലെ കർണാടകയിലും ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം തെരുവിലേക്കും നിയമസഭയിലേക്കും വ്യാപിച്ചിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles