27.9 C
Saudi Arabia
Friday, February 27, 2026
spot_img

ഫണ്ട് തട്ടിപ്പ്; ആരോപണമുയർത്തിയ വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിക്ക് സി.പി.എം

കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് വിനിയോഗത്തിൽ സി.പി.എം നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിക്ക് പാർട്ടി ഒരുങ്ങുന്നു. കുഞ്ഞികൃഷ്ണന്റെ നടപടി പാർട്ടിയെ തകർക്കുന്നതാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് എം.വി. ജയരാജനും ആരോപിച്ചു. പാർട്ടി ചർച്ച ചെയ്ത് എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായി പരസ്യ പ്രസ്താവന നടത്തിയത് സംഘടനാരീതിക്ക് നിരക്കാത്തതാണെന്നും പാർട്ടിയെ തിരുത്താനുള്ള മാർഗ്ഗമിതല്ലെന്നും എം.വി. ജയരാജൻ വ്യക്തമാക്കി. “എലിയെ പിടിക്കാൻ ഇല്ലം ചുടുന്ന” സമീപനമാണ് കുഞ്ഞികൃഷ്ണന്റേതെന്നും അദ്ദേഹം പരിഹസിച്ചു.

ടി.ഐ മധുസൂദനൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ ഫണ്ട് തട്ടിപ്പ് നടത്തിയെന്നായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. എന്നാൽ ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ലെന്നും കണക്കുകൾ സമർപ്പിക്കുന്നതിലുണ്ടായ വീഴ്ചയിൽ മധുസൂദനനെതിരെ പാർട്ടി നേരത്തെ നടപടി എടുത്തിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. മൺമറഞ്ഞുപോയ നേതാവ് കോടിയേരി ബാലകൃഷ്ണനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു. പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് പകരം ആരോപണങ്ങൾ പരസ്യമാക്കിയ കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. കുറ്റക്കാരെ പാർട്ടി സംരക്ഷിക്കില്ലെന്നും എന്നാൽ സംഘടനയുടെ അന്തസ്സ് കെടുത്തുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles