പാലക്കാട്: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം 15 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് സംസ്ഥാനത്ത് 22 സ്റ്റോപ്പുകൾ ഉണ്ടാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഒരു മണിക്കൂർ ഇരുപത് മിനിറ്റുകൊണ്ടും, കണ്ണൂരിലേക്ക് മൂന്നേകാൽ മണിക്കൂർ കൊണ്ടും എത്താൻ സാധിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള ചുമതല. ഇതിനായി ഇ. ശ്രീധരന്റെ ജന്മനാടായ പൊന്നാനിയിൽ ഡി.എം.ആർ.സി ഓഫീസ് തുറന്നു കഴിഞ്ഞു.
സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി വെറും മൂന്നിലൊന്ന് ഭൂമി മാത്രമേ പുതിയ പദ്ധതിക്കായി വേണ്ടിവരൂ എന്നതാണ് ഇതിന്റെ പ്രത്യേകത. പാതയുടെ 70 ശതമാനവും തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയുമായിരിക്കും. തൂണുകൾ സ്ഥാപിച്ച ശേഷം ബാക്കി ഭൂമി ഉടമകൾക്ക് കൃഷിക്കായി വിട്ടുനൽകും. ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കും. എട്ട് കോച്ചുകളുള്ള ട്രെയിനുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. റെയിൽവേയുടെ ഈ ബൃഹത്തായ പദ്ധതി കേരളത്തിന്റെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



