18.2 C
Saudi Arabia
Wednesday, March 25, 2026
spot_img

ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം: പയ്യന്നൂർ കലുഷിതം; നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ

പയ്യന്നൂർ: രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ കോടിക്കണക്കിന് രൂപ നേതാക്കൾ ചേർന്ന് തട്ടിയെടുത്തു എന്ന വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂർ മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നു. സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഫണ്ട് തിരിമറി ആരോപണങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടിക്ക് ഉള്ളിലും പുറത്തും പ്രതിഷേധം കടുത്തിരിക്കുന്നത്. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് വേണ്ടി പിരിച്ച പണവും ചിട്ടി ഫണ്ടും ഉൾപ്പെടെയുള്ളവയിൽ വലിയ കൃത്രിമം നടന്നുവെന്നാണ് സി.പി.എം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾ പാർട്ടി അണികൾക്കിടയിൽ വലിയ ചർച്ചകൾക്കും വിള്ളലുകൾക്കും വഴിമാറിയിരിക്കുകയാണ്.

ഫണ്ട് വെട്ടിപ്പ് പരാതിപ്പെട്ട തന്നെ തരംതാഴ്ത്തുകയും കുറ്റക്കാരെ സംരക്ഷിക്കുകയുമാണ് പാർട്ടി നേതൃത്വം ചെയ്യുന്നതെന്ന വികാരത്തിലാണ് കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന ഒരു വിഭാഗം. അതേസമയം, പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നതെന്നാരോപിച്ച് ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പയ്യന്നൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിലിറങ്ങിയത് പ്രദേശത്തെ സംഘർഷഭരിതമാക്കി. ക്രമസമാധാന നില ഉറപ്പാക്കാൻ പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും വലിയ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ കോട്ടയായ പയ്യന്നൂരിലെ ഈ രാഷ്ട്രീയ പ്രതിസന്ധി സംസ്ഥാന നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles