17.8 C
Saudi Arabia
Tuesday, February 24, 2026
spot_img

ഏദൻ സ്ഫോടനം: പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി റിയാദിലെത്തിച്ചു

റിയാദ്: യെമനിലെ ഏദനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി സൗദി അറേബ്യയുടെ എയർ ആംബുലൻസിൽ റിയാദിലെത്തിച്ചു. യെമനിലെ അനുകൂല സേനയുടെ കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഹംദി ശുക്രി അൽ സുബൈഹിയുടെ വാഹനവ്യൂഹത്തിന് നേരെ ബുധനാഴ്ചയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ഏദന്റെ വടക്കൻ മേഖലയിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കാർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

പരിക്കേറ്റവർക്ക് മികച്ച മെഡിക്കൽ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റിയാദിലെ സ്പെഷ്യലൈസ്ഡ് ആശുപത്രികളിലേക്ക് ഇവരെ മാറ്റിയത്. സൗദി അറേബ്യയുടെ മാനുഷികവും വൈദ്യശാസ്ത്രപരവുമായ പിന്തുണയുടെ ഭാഗമായാണ് ഈ നടപടി. യെമനിലെ നിയമസാധുതയുള്ള സർക്കാരിനെ പിന്തുണക്കുന്ന സഖ്യസേന ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. മാനുഷികവും ധാർമ്മികവുമായ എല്ലാ മൂല്യങ്ങൾക്കും വിരുദ്ധമാണ് ഈ ക്രിമിനൽ നടപടിയെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles